Friday, February 18, 2011

"ഫേസ് ബുക്കി"ലെ ഡയറിക്കുറിപ്പ്‌

സൗഹൃദ സംഭാഷണം ആഗോള സൗഹൃദ ശൃംഖലയൊരുക്കുന്ന
  "ഫേസ് ബുക്കി"നെക്കുറിച്ചായപ്പോള്‍ മൂസ പറഞ്ഞു, "ഈ 'ഫേസ് ബുക്കി'ല്‍ അംഗങ്ങളൊക്കെ ഒരേ പ്രായക്കാരാണ്". ശരിയാണല്ലോയെന്ന് തോന്നിയ നിമിഷത്തില്‍ അടുത്തിരുന്നിരുന്ന ഇബ്നു ഉണ്ണീന്‍ സ്വതസിദ്ധമായ പുഞ്ചിരിയോടെ കമന്റിട്ടു, "സ്വര്‍ഗ്ഗത്തിലും എല്ലാവരും ഒരേ പ്രായക്കാരായിരിക്കും‌". പ്രായമില്ലാത്ത അവസ്ഥ, മരണമില്ലാത്ത ജീവിതം, പ്രശ്നങ്ങളൊന്നുമില്ലാത്ത ലോകം. സ്വര്‍ഗ്ഗീയം!
എന്നാല്‍ ഫേസ് ബുക്കിലെ സൗഹൃദം ഇടക്ക് നിലച്ചുപോകും, അനിവാര്യമായ സത്യം. സ്വര്‍ഗ്ഗത്തിലോ ഒരിക്കലും അവസാനിക്കാത്ത  സൗഹൃദങ്ങള്‍. ആരാമങ്ങള്‍, അരുവികള്‍, ആഗ്രഹമെന്തോ അതൊക്കെ വിചാരങ്ങള്‍ക്ക് മുമ്പേ കണ്മുമ്പില്‍.
എന്നാല്‍ ഫേസ് ബുക്കിലൂടെ ചിലര്‍ മറ്റുചിലരെ പറ്റിക്കുന്നു. കുറെയാളുകള്‍ കബളിക്കപ്പെടുന്നു. അന്യോനം പഴിപറയുന്നു. അസഭ്യങ്ങള്‍ എഴുതി ആരുടെയൊക്കെയോ മനസ്സുകള്‍ വേദനിപ്പിക്കുന്നു. വൃത്തികേടുകളും അറിവില്ലായ്മയും പ്രചരിപ്പിക്കപ്പെടുന്നു. വ്യക്തിയെന്ന നിലയിലുള്ള അറിവിന്റെ പരിമിതികളെക്കുറിച്ചുള്ള ബോധം പലപ്പോഴും പലരും വിസ്മരിക്കുന്നു.  നല്ലതിനേക്കാള്‍ ചീത്തതെന്നു സമൂഹം വിശ്വസിക്കുന്നവക്കായി  ഉപയോഗിച്ചുകൊണ്ടിരിക്കുന്നു.   സന്ദേശങ്ങള്‍ കൈമാറി പരിചയത്തിലായ കാമുകനെത്തേടിയിറങ്ങുന്ന 19കാരി സ്വന്തം പ്രിയപ്പെട്ട വരെയൊക്കെ ഉപേക്ഷിക്കുന്നു, കാമുകന്‍ പടുവൃദ്ധനെന്നറിയുമ്പോള്‍ "ഫേസ് ബുക്ക്" കളിയാക്കി ചിരിക്കുന്നു.
പക്ഷെ, യഥാര്‍ത്ഥ സ്വര്‍ഗ്ഗമോ. അതു ലഭിക്കുവാന്‍ ദൈവ വിശ്വാസത്തിന്റെ മധുരതരമായ വഴിയിലൂടെ യാത്ര ചെയ്യണം. ഹൃദയാന്തരങ്ങളില്‍ നിന്നുള്ള സൗഹൃദങ്ങളിലൂടെ അനുഭവഭേദ്യമാകുന്ന നന്മകള്‍ക്ക് വ്യാപനമുണ്ടാകണം, ജീവന്‍ കൊണ്ട് സുന്ദരങ്ങളായ ചാറ്റിങ്ങുകളിലൂടെ മറക്കാനാവാത്ത അനുഭവങ്ങള്‍ക്കിട നല്‍കണം, ജീവിതം മാതൃകയായി പണിതുയര്‍ത്തണം.,
അങ്ങിനെയെങ്കില്‍, ഒരു പക്ഷെ നമ്മളെയും അനുഭവങ്ങളുടെ സ്വര്‍ഗ്ഗം കാത്തിരിക്കുന്നുണ്ടാകാം.

-റസാഖ് എടവനക്കാട്