Wednesday, September 26, 2012

ഓര്‍മകള്‍ വേദനകള്‍

തറവാട്ടു വീട്ടില്‍ വടക്കുവശം ചെറിയ തോടുണ്ടായിരുന്നു. എടവനക്കാടിന്റെ വടക്കേ അതിര്‍ത്തി തിരിക്കുന്ന റാണാ തോടുമായി ബന്ധമുണ്ടായിരുന്ന ആ ചെറുതോട് വടക്ക് വശം ഒഴുകിയെത്തി എങ്ങോടൊക്കെയോ പോകുമായിരുന്നു . ആഴമില്ലാതെ വേനലിലും ഒഴുകി
യിരുന്ന തോട്ടിലെ വെള്ളം കണ്ണീരുപോലെ തെളിഞ്ഞതായിരുന്നു. അതിലൂടെ പൂചൂട്ടിയും ചെറിയ കളര്‍ മീനുകളുമൊക്കെ വലിയ ഗമയില്‍ പോകുന്നത് കാണുമ്പോഴാണ് കുളിക്കാനുപോയോഗിക്കുന്ന തോര്‍ത്തിനെ കുറിച്ച് ഓര്‍ക്കുക, ഉമ്മ കാണാതെ അതുമെടുത്ത് ഞങ്ങള്‍ തോട്ടിലിറങ്ങുമ്പോള്‍ ‍ കുഞ്ഞുമീനില്‍ ചിലത് തോര്‍ത്തില്‍ കിടന്നു പിടക്കും. പിന്നെ എവിടന്നെങ്കിലും സംഘടിപ്പിക്കുന്ന ഹോര്‍ലിക്ക്സ് കുപ്പികളില്‍ കുളത്തില്‍ നിന്നെടുത്ത വെള്ളത്തില്‍ അവറ്റകളെ കൊണ്ടിട്ട് കുറച്ചുനേരം നോക്കി നില്‍ക്കും. മീനുകള്‍ കുപ്പിയില്‍ കിടന്നു മരിച്ച് വെള്ളത്തിന്‌ മീതെ പൊങ്ങിയത് അറിയുന്നത് വീടിലുള്ള ആരെങ്കിലും പിന്നീട് പറയുമ്പോഴായിരിക്കും. അങ്ങിനെ എത്ര മീനുകളുടെ പ്രാക്കുകള്‍ ഏറ്റു വാങ്ങിയിരിക്കുന്നു. ഇന്നത്തെ കുഞ്ഞുങ്ങള്‍ക്ക്‌ കുഞ്ഞു മീനുകളെ പിടിക്കാന്‍ എവിടെ കുഞ്ഞി തോടുകള്‍. കുഞ്ഞുങ്ങള്‍ക്ക് മീന്‍ പിടിച്ചു കളിക്കാന്‍ കുളമില്ലെന്ന വിഷമം "ഗട്ടര്‍"കള്‍ തീര്‍ക്കുമെങ്കിലും മീന്‍ പിടുത്തവും കളിയുമൊക്കെ കഴിഞ്ഞു ഒന്ന് മുങ്ങി കുളിക്കാന്‍ എവിടെ നമ്മുടെ പറമ്പിലുണ്ടായിരുന്ന ആ കുളങ്ങള്‍.