Thursday, November 22, 2012

ഓര്‍മപുസ്തകം

കുഴുപ്പിള്ളി തോട്ടുങ്ങലെ മീന്‍ മാര്‍ക്കറ്റില്‍ മുമ്പൊക്കെ രാവിലെ തന്നെ നല്ല തിരക്ക് തുടങ്ങുമായിരുന്നു. ഇന്നത്തെ പോലെ വീടുകള്ക്ക് മുമ്പില്‍ മത്സ്യമെത്തുന്ന കാഴ്ച അപൂര്‍വ്വമായിരുന്നു. അതുകൊണ്ട് തന്നെ പല സ്ഥലങ്ങളില്‍ നിന്നുമായി ആവശ്യക്കാര്‍ കാലത്ത് മുതല്‍ മാര്‍ക്കറ്റി ലെത്തി തുടങ്ങും. സ്കൂളില്‍ പോകുന്നതിനു മുമ്പ് മീന്‍ വാങ്ങി വരേണ്ട ജോലി കൂടി എനിക്ക് ഉണ്ടായിരുന്നു. വടക്കേക്കരയില്‍ നിന്ന് രാവിലെ മാര്‍ക്കറ്റിലെത്തുമ്പോള്‍ തെക്കേക്കര തോടിന്റെ കടവില്‍, പുഴയില്‍ നിന്ന് മീനുകളുമായി വരുന്ന ചെറുവഞ്ചികള്‍ അടുത്തിട്ടുണ്ടാകും. രണ്ടു പേര്‍ വീതം മീന്‍ പിടിക്കാന്‍ പോകുന്ന ചെറുവഞ്ചികള്‍, വഞ്ചികള്‍ക്കുള്ളിലെ വലകള്‍, പിന്നെ മീന്‍ പിടുത്തക്കാര്‍ ‍ തലയില്‍ വെക്കുന്ന തൊപ്പികള്‍, ഇവയും മാര്‍ക്കറ്റിലെ തിരക്കും കുഴുപ്പിള്ളി പാലത്തില്‍ നിന്നുതന്നെ കാണാനാകും. ചിലപ്പോള്‍ നിരന്നു കിടക്കുന്ന വഞ്ചികളില്‍ നിന്ന് മത്സ്യതൊഴിലാളികള്‍ വല കുടഞ്ഞു കഴുകുന്നതും കാഴ്ചയായിരുന്നു.

ഇനി അവരെക്കുറിച്ച് പറയാം.,ഞാനവരെ കാണാറുണ്ട്., മാര്‍ക്കറ്റിന്റെ കടവില്‍ അടുക്കാറുള്ള ഏതോ ഒരു വഞ്ചിയില്‍ മ...

ീന്‍ പിടിക്കാന്‍ പോകാറുള്ള അവര്‍. ഒരേ പോലെ മുഖസാദൃശ്യമുള്ളവരും ഒരേ ഉയരമുള്ളവരും മുപ്പത്തഞ്ചു വയസ്സെങ്കിലും ഉള്ളവര്‍ ആയിരുന്നു. മിക്കവാറും രാവിലെ അവര്‍ വഞ്ചിയില്‍ നിന്ന് മാര്‍ക്കറ്റില്‍ മീന്‍ കൊണ്ട് വന്നിടുന്നത് കണ്ടിട്ടുണ്ട്. അവരുടെ രൂപത്തില്‍ നിന്നും ഭാവത്തില്‍ നിന്നും അവര്‍ സഹോദരന്മാരാണെന്ന് അറിയാമായിരുന്നു.

ഇപ്പോള്‍. ഞാന്‍ മീന്‍ വാങ്ങി മാര്‍ക്കറ്റിലെ സ്റ്റെപ്പുകള്‍ പിന്നിട്ട് പാലത്തിലേക്ക്‌ കയറിയിരിക്കുന്നു. വടക്ക് നിന്ന് ഒരു ബസ് പാലം കയറി വരുന്നതിനാല്‍ ബസ് കടന്നു പോകുന്നതിനായി ഒതുങ്ങി നിന്നു. എന്റെ മുമ്പിലായി ആ സഹോദരങ്ങള്‍ നില്‍ക്കുന്നുണ്ട്. ഒരാള്‍ മറ്റയാളോട് "എന്താ പനി മാറിയോ " മറ്റേയാള്‍ "ഇല്ല, കുറവുണ്ട്" ആദ്യം ചോദിച്ചയാള്‍ വീണ്ടും. "അസുഖം കുറവില്ലെങ്കില് നമ്മുക്ക് വേറെ ആരെങ്കിലും കാണിക്കാം" ഇത് പറഞ്ഞു കൊണ്ട് അദ്ദേഹം തന്റെ നനഞ്ഞു കുതിര്ന്നിരുന്ന കൈലി തുണിയുടെ മടിശ്ശീല അഴിച്ചു. അന്ന് മാര്‍ക്കറ്റില്‍ മീന്‍ വിറ്റ് കിട്ടിയ പൈസയില്‍ നിന്ന് ഒരു വിഹിതം സഹോദരന് നീട്ടി. എന്നിട്ട് പറയുന്നു."പോയി അരിയും സാധനങ്ങളും വാങ്ങിക്ക്, അസുഖം കുറഞ്ഞില്ലെങ്കില്‍ വേറെ ആരെയെങ്കിലും പോയി കാണണം, പനി മാറിയില്ലെങ്കില്‍ നാളെയും പണിക്ക് വരണ്ടട്ടോ", വീണ്ടും ഓര്‍മപ്പെടുത്തലുകള്‍ . അപ്പോഴേക്കും വടക്ക് നിന്ന് വന്ന ബസ് പാലവും കടന്നു പൊയ്ക്കഴിഞ്ഞിരുന്നു. ഇടക്ക് ഓര്‍മ്മപ്പെടുത്തലായി ആ രംഗം കടന്നു വരാറുണ്ടെങ്കിലും ഈ ചിത്രം വീണ്ടുമൊരു ഓര്‍മ്മ പുതുക്കലായി. ഈ ചിത്രത്തിലെ കുട്ടികളുടെ ഒരാളുടെ പ്രായത്തിലാണ് ആ സംഭവം കണ്ടതെന്നാണ് ഓര്‍മ്മ.