പലിശരഹിത ബാങ്കിംഗിന്റെ കേരളീയ പ്രസക്തി

അമ്മമാരുടെ ദിനം, തൊഴിലാളി ദിനം എന്നത് പോലെ ലോകമോര്‍ക്കാന്‍ പലിശയില്ലാത്ത ദിനം, എന്നൊരു ദിവസം വര്‍ഷത്തില്‍ ആചരിക്കപ്പെടുകയും ബാങ്കുകള്‍ ഉള്‍പ്പെടെ പലിശാധിഷ്ഠിത ധനകാര്യ സ്ഥാപനങ്ങള്‍ അവരുടെ കടമിടപാടുകാര്‍ക്ക് പലിശ ഇളവ് നല്‍കുകയുമാണെങ്കില്‍ കണക്കാക്കാനാവാത്ത വലിയ തുകയായിരിക്കുമത്. പലിശക്ക് കടമെടുത്ത് ജീവിതം നരക തുല്യമാക്കുന്നവര്‍ കേരളത്തിലും കുറവല്ല. പെരുകുന്ന പലിശയും മുതലും തിരിച്ചടക്കാന്‍ നിവൃത്തിയില്ലാതെ ഊരാക്കുടുക്കിലകപ്പെട്ട് ഒറ്റക്കും കുടുംബസമേതവും ജീവനൊടുക്കുന്നവരുടെ എണ്ണം ഏറി വരികയാണ്. നിത്യവൃത്തിക്കായും ആഡംബരത്തിനായും കടം വാങ്ങി   തിരിച്ചടക്കാനാവാതെ  നെട്ടോട്ടമോടുന്നവര്‍ എത്രയെങ്കിലുമുണ്ട്. പണിയെടുത്ത് കിട്ടുന്നത്  മുഴുവന്‍ പലിശപോലും കൊടുക്കാന്‍  തികയാതെ വരുമ്പോള്‍  തല്‍ക്കാലം ബോധം  നശിക്കാന്‍  കിട്ടുന്ന പൈസക്കും കടം വാങ്ങിയും മദ്യസേവ നടത്തി കുടുംബശൈഥില്യത്തിനിടയാവുന്ന സംഭവങ്ങളും കുറവല്ല. ഇതൊക്കെ  നമ്മുടെ   നാട്ടിലെ  അനുഭവങ്ങളാവുമ്പോള്‍  പലിശരഹിതമായ ഒരു സാമ്പത്തിക സംവിധാനം  ഉണ്ടാകണമെന്ന് ആഗ്രഹിക്കുക സ്വാഭാവികം. ഇപ്പോള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ബാങ്കുകളിലൂടെയോ ബദല്‍  സംവിധാനങ്ങളിലൂടെയോ പൊതുജനങ്ങള്‍ക്ക്‌ പലിശരഹിത പണമിടപാടുകള്‍ക്ക് അവസരം  ലഭിക്കുകയാണെങ്കില്‍  അപ്രതീക്ഷിതമായ  ഗുണ ഫലങ്ങളായിരിക്കും സമൂഹത്തിലുണ്ടാകുന്നത്.
പലിശരഹിത ഇടപാടുകള്‍ക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെങ്കിലും, ബാങ്കിംഗ് ഇടപാടുകളില്‍   സംവിധാനമെന്നത് അടുത്ത കാലത്തുണ്ടായ മാറ്റമാണ്. വീടും  വാഹനവും കച്ചവടവും കൃഷിയും മാത്രമല്ല, നാടിന്റെ വികസന പ്രവര്‍‍ത്തനങ്ങളും  പലിശരഹിത ബാങ്കിംഗ് സ്ഥാപനങ്ങളിലൂടെ സാക്ഷാത്ക്കരിക്കപ്പെടുന്നു.  ഇത്തരം മാതൃകാപരമായ പ്രവര്‍ത്തനങ്ങളിലൂടെ വിജയഗാഥ രചിക്കുകയാണ്  വിദേശരാജ്യങ്ങളില്‍ ചരിത്രം കുറിച്ച പലിശരഹിത ബാങ്കുകള്‍. പലിശാധിഷ്ഠിത ബാങ്കുകള്‍ പലിശരഹിത ബാങ്കുകളുമായുള്ള മത്സരത്തില്‍  പിടിച്ചു  നില്‍ക്കാനാകാതെ  പലിശരഹിത ബാങ്കുകളായി മാറുന്നുണ്ട്.  യൂറോപ്പിലും  അമേരിക്ക യിലുമുള്‍പ്പെടെ  ചില രാജ്യങ്ങളില്‍ പലിശാധിഷ്ഠിത ബാങ്കുകള്‍ ഇടപാടുകാരെ ആകര്‍ഷിക്കാന്‍ പലിശരഹിത ഇടപാടുകള്‍ക്കായി പ്രത്യേക  കൗണ്ടറുകള്‍ പ്രവര്‍ത്തിപ്പിക്കുന്നു. സാമ്പ്രദായിക പലിശാധിഷ്ഠിത ബാങ്കുകളില്‍ നിന്ന് ലഭിക്കുന്നതിനേക്കാള്‍ ലാഭശതമാനം പലിശരഹിത ബാങ്കുകളിലെ ഇടപാടുകളിലൂടെ ലഭിക്കുന്നതിനാല്‍ നിക്ഷേപകര്‍ ദിനംപ്രതി കൂടി കൊണ്ടിരിക്കുകയാണ്. കിട്ടുന്നത് ലാഭ വിഹിതമായതിനാലും അപ്രതീക്ഷിത വരുമാനമായതിനാലും ഇടപാടുകാര്‍ പലിശരഹിത സ്ഥാപനങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടുന്നു. കടക്കാരനാകട്ടെ പലിശയും കൂട്ടുപലിശയും നല്‍കി ഒരിക്കലും കരകയറാത്ത അവസ്ഥയും ഉണ്ടാകുന്നില്ല. ഇന്റര്‍നാഷ്ണല്‍ അസോസിയേഷന്‍ ഓഫ് ഇസ്ലാമിക് എക്കണോമിക്സ്-ന്‍റെ പ്രസിഡന്റും അറിയപ്പെടുന്ന സാമ്പത്തിക വിദഗ്ദനുമായ ഡോ.മാബിദ് അലി അല്‍ജര്‍ഹി, ഇന്ത്യയിലും പലിശരഹിത ബാങ്കിംഗ് നടപ്പിലാക്കുകയാണെങ്കില്‍ ലോകത്തിലെ ഏറ്റവും സമ്പന്ന രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറുമെന്ന് ഏതാനും വര്‍ഷം മുമ്പ് ഡല്‍ഹിയില്‍ സംഘടിപ്പിച്ച പലിശരഹിത സാമ്പത്തിക സെമിനാറില്‍ അഭിപ്രായപെടുകയുണ്ടായി. പലിശരഹിത ബാങ്കിംഗ് കേവലം ഒരു മത സംവിധാനമല്ല. മറിച്ച് കച്ചവടവും ബാങ്കിങ്ങും ഒരേപോലെ കൈകാര്യം ചെയ്യുന്ന സാമ്പത്തിക സംവിധാനമാണെന്നും അദ്ദേഹം പറയുകയുണ്ടായി. ഇന്ത്യയിലെ സാമ്പത്തിക വിദഗ്ദ്ധരും തങ്ങളുടേതായ സംഭാവനകള്‍ പലിശരഹിത ബാങ്കിംഗ് മേഖലക്ക് നല്‍കണമെന്നും പലിശരഹിത ബാങ്കിംഗ് ഇന്ത്യയില്‍ പ്രാവര്‍ത്തികമാക്കുകയാണെങ്കില്‍ ഇരുപത് വര്‍ഷത്തിനകം ഇന്ത്യയുടെ സാമ്പത്തിക രംഗം പ്രവചനാതീതമായി ഉന്നതങ്ങളിലെത്തുമെന്നും മറ്റൊരു സാമ്പത്തികവിദഗ്ദനായ ഡോ.മുന്‍ദിര്‍ കഹ്ഫും പ്രസ്തുത സെമിനാറില്‍ അഭിപ്രായപെടുകയുണ്ടായി. ആഗോള സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ട് അടച്ചുപൂട്ടേണ്ടി വന്ന പലിശാധിഷ്ഠിത ബാങ്കുകള്‍ നിരവധിയാണ്. സാമ്പത്തിക അത്യുന്നതിയിലെന്ന് നാം കരുതുന്ന രാജ്യങ്ങളില്‍ പോലും ബാങ്കുകള്‍ അടച്ചു പൂട്ടുകയുണ്ടായി, നില നില്‍പ്പിനായി പെടാപ്പാടുപെടുന്ന ചില ബാങ്കുകള്‍ അവിടെ പരസ്പരം ലയിച്ച് ശക്തി സംഭരിക്കുന്നതും കാഴ്ചയാണ്. എന്നാല്‍ മുന്‍ വര്‍ഷങ്ങളിലെ പോലെ അല്ലെങ്കില്‍ അതിനേക്കാള്‍ കൂടുതല്‍ അറ്റാദായമാണ് പലിശ രഹിത ബാങ്കുകള്‍ സാമ്പത്തിക പ്രധിസന്ധിയുടെ വര്‍ഷങ്ങളില്‍ ഉണ്ടാക്കിയത്. ലാഭമുണ്ടാക്കുക മാത്രമല്ല ഇടപാടുകാരുടെ ബാഹുല്യത്താല്‍ കൂടുതല്‍ ശാഖകളും തുടങ്ങുകയുണ്ടായി. ഗള്‍ഫ് രാജ്യങ്ങള്‍ കൂടാതെ ഈജിപ്റ്റ്‌, ലെബനോന്‍, സുഡാന്‍, പാകിസ്ഥാന്‍, മലേഷ്യ, ഇന്തോനേഷ്യ,  തുടങ്ങി  യുറോപ്പ്, യു എസ് ഉള്‍പ്പെടെ  വിവിധ രാജ്യങ്ങളിലായി അഞ്ഞൂറിലധികം  ചെറുതും വലുതുമായ  പലിശരഹിത സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ജനങ്ങളുടെ ക്ഷേമത്തിനും നാടിന്റെ  വികസനത്തിനും വേണ്ടി  പ്രവര്‍ത്തിക്കുകയും ലോക  സാമ്പത്തിക പ്രതിസന്ധിയിലും ലാഭമുണ്ടാക്കി മാതൃക കാട്ടിക്കൊണ്ടിരിക്കുകയും  ചെയ്യുന്ന  ഇത്തരം സ്ഥാപനങ്ങള്‍ നമ്മുടെ നാടിന്‍റെയും തേട്ടമാണ്‌,നേട്ടമാണ്. പലിശരഹിത ഇടപാടുകളിലൂടെ ദരിദ്രര്‍ക്കും സാധാരണക്കാര്‍ക്കും കൂടാതെ വന്‍കിട ചെറുകിട നിക്ഷേപകര്‍ക്കും അത്താണിയായി മാറാനിടയുള്ള ഇത്തരം സംരംഭങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നവര്‍ ജനവിരുദ്ധ നിലപാടാണ് സ്വീകരിക്കുന്നതെന്ന് തിരിച്ചറിയേണ്ടതുണ്ട്. കേരളത്തില്‍ അംഗീകൃത പലിശരഹിത ബാങ്കിംഗ് സ്ഥാപനങ്ങള്‍ നിലവില്‍ വരികയാണെങ്കില്‍ കേരള ജനതക്ക് വിചാരിക്കാത്തത്ര ഗുണങ്ങളുണ്ടാക്കാന്‍ കഴിയും.  മാത്രമല്ല, ക്രമേണ ഇതര സംസ്ഥാനങ്ങള്‍ക്കുകൂടി അത് മാതൃകയാവുകയും ചെയ്യും . 

-റസാഖ് എടവനക്കാട് 

(2010ഫെബ്രുവരി04 "മലയാളം ന്യൂസ്‌"ല്‍ പ്രസിദ്ധീകരിച്ചത്)

1 comment:

anamika said...

നോക്കുക. കേരളത്തില്‍ ചില സ്ഥാപനങ്ങള്‍ ഡീല്‍ ഒഎ നോ ഡീല്‍ എന്നാ ഒരു പദ്ധതി വഴി ആഴ്ചയില്‍ രണ്ടുകുടുംബങ്ങളെ ബുദ്ധിമുട്ടില്‍ നിന്നും കരകയറ്റുന്നു. അതൊരു നല്ലകാര്യമല്ലേ. അക്കൂട്ടത്തില്‍ ദുഖിതരും നിരാലംബ രുമായ, ജവാന്മാരുടെ വിധവകളെയും അവരുടെ കുടുംബങ്ങളെയും രക്ഷിക്കാന്‍ ഇതില്‍ ഒരു ദിവസമോ അല്ലെങ്കില്‍ അവര്‍ക്ക് വേറൊരു ദിവസംപ്‌ നല്‍കി ക്കൂടെ.? അവര്‍ നമ്മുടെ വീര മൃത്യു വരിച്ച ജവാന്മാരുടെ കുടുംബങ്ങളല്ലേ? അതുപോലെ കൊള്ള പലിശ ഒഴിവാക്കുവാനും അത്യാവശി മായി വരുന്ന പാവപ്പെട്ടവര്‍ക്ക് --- ബാങ്കെര്‍സ് ടിപ്പ് എന്ന പേരില്‍ അല്‍പ്പം പലിശ കുറച്ചു ധന സഹായം നല്കിയാലെന്താ? അതും ഒരു രാജ്യസേവനമല്ലേ? നല്ലകാര്യമല്ലേ? നാം അത് കൂലങ്കഷമായി ചിന്തിക്കേണ്ടത ല്ലേ?