Sunday, January 20, 2013

ചില കാഴ്ചകള്‍

സ്വര്‍ഗത്തില്‍ കിട്ടാത്ത എന്താണുള്ളത് ....?

ചിലപ്പോഴാലോചിക്കാറുണ്ട്, ഈ ഭൂമിയില്‍ എന്താണുള്ളത്, ഞാനേറെ ഇഷ്ടപ്പെട്ടിരുന്ന മാതാപിതാക്കള്‍ കണ്ടു കൊതിതീരുംമുമ്പേ മറഞ്ഞുപോയി.ഇടയ്ക്കിടെയുണ്ടാകുന്ന സാമ്പത്തികവും ശാരീരികവും മാനസികവുമായുള്ള വിഷമങ്ങള്‍, ആഗ്രഹിക്കുന്നതില്‍ പലതും നടക്കാത്ത നിമിഷങ്ങള്‍.
പറയാനൊത്തിരി... ഈ ഭൂമിയില്‍ എന്താണുള്ളത് ?


ബാല്യം എവിടെയുമൊരുപോലെയാണ് ....

ഞാന്‍ കണ്ടു, കുഴുപ്പിള്ളി ബസ്റ്റോപ്പില് കിഴക്ക് വശം അന്ന് കാര്‍ത്തികേയന്‍ ചേട്ടന്റെ ചായക്കടയായിരുന്നു. താണിയത്ത് ലൈന്‍ ഇടവഴിയിലൂടെ നടന്നാല്‍ ആ ചായക്കടയുടെ അടുക്കള ഭാഗം കാണാമായിരുന്നു, ഒരിക്കല്‍ കിഴക്കുള്ള മൂത്താപ്പാടെ വിട്ടിലേക്ക്‌ നടന്നുപോകുമ്പോള്‍ അവിചാരിതമായി ഒരുകുട്ടി നിന്ന് കരയുന്നത് കണ്ടു. കൈകള്‍ മേലോട്ട് ഉയര്‍ത്തിപിടിച്ച് വാവിട്ടു കരയുമ്പോഴും ചായപ്പൊടി പൊതിഞ്ഞിരുന്ന അവന്റെ വലതു കൈ ഉയര്‍ത്തിപ്പിടിച്ച്‌ വേദനകൊണ്ട് പുളയുകയായിരുന്നു. അവിടെ അടുക്കളയില്‍ സഹായിയായി നിന്നിരുന്ന അവന്റെ കൈയില്‍ എങ്ങിനെയോ തിളച്ച വെള്ളം വീണതായിരുന്നു. വര്‍ഷങ്ങള്‍ എത്രയോ കഴിഞ്ഞു പോയിരിക്കുന്നു. എന്നിരുന്നാലും അന്ന് അത്രക്ക് പരിചയമില്ലായിരുന്ന എടവനക്കാടുള്ള ആ സഹോദരനെ എനിക്ക് ഇന്നും തിരിച്ചറിയാനാകും.

പരസ്യവാചകങ്ങള്‍ നിഴലായുണ്ട്...

വായിച്ചു തുടങ്ങുമ്പോള്‍, നാം വായിച്ചിരുന്നത് പലതും അര്‍ത്ഥമറിയാതെയായിരുന്നു. വായിക്കാനുള്ള ആഗ്രഹമെന്നോ കൌതുകമെന്നോ വേണമെങ്കില്‍ പറയാം. പഴങ്ങാട്‌  ബസ്റ്റോ പ്പിലുണ്ടായിരുന്ന  " അത്തർ സെന്റ്‌ സുറുമ "യും , ഞങ്ങള്‍ അക്ഷരം പഠിച്ചു തുടങ്ങിയ പള്ളത്താംകുളങ്ങര എല്‍ പി സ്കൂളിനടുത്തുണ്ടായിരുന്ന "എസ് പി മുക്കര്‍ജി  ലൈബ്രറി  ആന്‍റ് റീഡിംഗ് റൂം"  ബോര്‍ഡുമൊക്കെ പൊരുളറിയാതെ വായിച്ച ആദ്യ വരികളില്‍ പെട്ടതാണ്‍.

1 comment:

Raman said...

Annathinorartham innu verorartham naale mattorartham