Tuesday, August 23, 2011

കാഴ്ചക്കാര്‍

കിളികളുറങ്ങിയ-
മരമവര്‍ വെട്ടി,

നിലക്കാതൊഴുകിയ-
നദിയിന്നു വറ്റി,

കണ്ണീരായ്-
"കളര്‍" മഴയിറങ്ങി,

മനുഷ്യനിന്നും -
കണ്ണുതുറന്നുറങ്ങി.

Monday, May 30, 2011

ആത്മവിലാപം

സ്വര്‍ഗം സ്വപ്നം
കണ്ടുറങ്ങാനെന്തു-
ചെയ്തിന്നു-
ഞാന്‍.,
 
മനം കൊണ്ടൊരു-
വാക്ക്,
കരള്‍ കൊണ്ടൊരു-
നോക്ക്,
കരം
കൊണ്ടെന്തെന്ത്...
 
വെറുതെ-
സ്വര്‍ഗം സ്വപ്നം
കണ്ടുറങ്ങാനെന്തു-
ചെയ്തിന്നു-
ഞാന്‍?

Thursday, April 28, 2011

സുല്‍ത്താന്‍ ജീവിച്ചിരിപ്പുണ്ട്

മാങ്കോസ്റ്റിന്റെ ചുവട്ടില്‍ ചാരുകസേര,അതിനടുത്ത് ഗ്രാമഫോണ്‍അതില്‍  നിന്നും ഒഴുകിയെത്തുന്ന  ഗസല്‍. കട്ടിക്കണ്ണടയും  വെച്ച് ഗാഢമായ ചിന്തയില്‍ ആ ചാരുകസേരയില്‍ ചാരിക്കിടക്കുന്നത് നമ്മുടെ സുല്‍ത്താനാണ്.
നശ്വരങ്ങളായ സൃഷ്ടികള്‍ കാലാധീതമാണ്. മരണമില്ലാത്ത അവ ചലിക്കുകയും  ചലിപ്പിക്കുകയും ചെയ്യും. ബേപ്പൂര്‍ സുല്‍ത്താന്‍, അല്ല, ചക്രവര്‍ത്തിയെന്ന് പറയുന്നതായിരിക്കും കൂടുതല്‍ ശരി. കലാസൃഷ്ടികളുടെ ചക്രവര്‍ത്തിയേന്നോ കഥാകാരുടെ ചക്രവര്‍ത്തിയെന്നോ വ്യാഖാനമാകാം.  
ഷീറിയന്‍ രചനകള്‍ പലതും ചുറ്റുപാടുകളുടെ കാഴ്ചകളാണ്. ദാരിദ്ര്യത്തിന്റെയും വേദനയുടെയും അനുഭവങ്ങളുടെയും ജീവിത സത്യങ്ങളാണ്. കഥകളും ലേഖനങ്ങളും കുറിപ്പുകള്‍ പോലും സാഗര തുല്യമാണ്.അവയിലെ വരികള്‍ അനുവാചകരിലേക്ക്  ഗൌരവമായും  നര്‍മമായും  കടന്നുചെല്ലുമ്പോള്‍ ചിന്തയും ചിലത് ആശ്വാസ വുമേകുന്നു. മറ്റു ചിലത് വേദനയും ദുഃഖവുമുണ്ടാക്കുന്നു. ലാളിത്യമാര്‍ന്ന വാക്കുകളുടെ പ്രയോഗ ങ്ങളിലൂടെ  വ്യെത്യേസ്തമായ വായനാനുഭൂതി  തരുന്നു. വായനയുടെ വിവിധ തലങ്ങളില്‍, ചിലര്‍ക്ക്  കാര്യമായി  തോന്നുന്ന  പലതും മറ്റു ചിലര്‍ക്ക് തമാശയായി അനുഭവപ്പെടുന്നു.  ആരും പറയാത്തതും സാഹിത്യലോകത്ത് ആരും പ്രായോഗിക്കാത്തതുമായ പദങ്ങള്‍ ബഷീര്‍ സാഹിത്യത്തിന്റെ പ്രത്യാകതയാണ്.ഡുങ്കുഡുതഞ്ചി, ചാപ്ലോസ്കി, ഫട്ട്റുക്കോ ഡുങ്കാസ്, തുട്ടാപ്പി, ചട്ടന്‍ ഇങ്ങിനെ പലതുമുണ്ട്. ഇവയൊക്കെ കഥയുടെ സന്ദര്‍ഭമനുസരിച്ച് പുതിയ അര്‍ത്ഥതലങ്ങള്‍ കണ്ടെത്തുന്നു.
"ഒന്നും ഒന്നും ഇമ്മിണി ബല്യ ഒന്ന്" എന്ന ബഷീറിയന്‍ വചനം മലയാളമുള്ളിടത്തോളം  ഓര്‍ക്കപ്പെടും. മനുഷ്യ സഹജമായ ചില സ്വഭാവങ്ങളെ കളിയാക്കുന്ന 'കഥാബീജ'ത്തില്‍ മനുഷ്യസ്വാര്‍ത്ഥതക്ക് നേരെ കൂരമ്പയക്കുന്നുണ്ട്.  ജന്മദിനങ്ങള്‍ വാശിയോടെ കൊണ്ടാടപ്പെടുന്ന സമകാലികത്തിലും ചെറു പരിഹാസച്ചിരി 'ജന്മദിന'ത്തിലൂടെ ബഷീര്‍ ഉതിര്‍ക്കുന്നു, "ജന്മദിനം! നമുക്കൊക്കെ എന്തു ജന്മദിനം, പ്രപഞ്ചത്തിലെ എല്ലാത്തിനുമുണ്ടല്ലൊ ജന്മദിനം".
"ഞങ്ങളുടെ അറിവോ സമ്മതമോ കൂടാതെ  നീ ഞങ്ങളെയൊക്കെ സൃഷ്ടിച്ചുവിട്ടു. ഞങ്ങള്‍ വന്നുചേരുന്നതിനു മുമ്പായി ഈ ലോകവും ഇതിലെ വിഭവങ്ങളും നിന്റെ മറ്റു മക്കള്‍ക്കായി പങ്കിട്ടുകൊടുത്തു,ഇല്ലേ?". 'സന്ധ്യാപ്രണാ'മത്തിലെ സുല്‍ത്താന്റെ  സ്നേഹമൂറുന്ന പരിഭവം സര്‍വം പടച്ച തമ്പുരാനോടാണ്. ഇതിനോട് തുല്യമോ  ഇതിനപ്പുറമോ  ആയ ആശയുടെയും ആശങ്കയുടെയും വരികള്‍  സുല്‍ത്താന്റെ ചില സൃഷ്ടികളിലുണ്ട്.  
അദ്ദേഹത്തിന്റെ ജീവിതം പോലെ ലളിതമായ  രചനാ രീതി   സുല്‍ത്താനെ വേറിട്ടു നിര്‍ത്തുന്നു. ലോകത്ത് 'യുദ്ധം അവസാനിക്കണമെങ്കില്‍' സര്‍വ്വര്‍ക്കും ഭയങ്കര ചൊറിച്ചിലും കടിയുമുള്ള പരമരസികന്‍ വരട്ടുചൊറി വരണമെന്ന വിശ്വസാഹിത്യകാരന്റെ 60 വര്‍ഷം മുമ്പുള്ള കണ്ടെത്തല്‍ എല്ലാ കാലത്തേക്കും അനുയോജ്യമായ പരമാര്‍ത്ഥമായ സത്യമാണ്.
സ്നേഹബന്ധങ്ങളുടെയും കൂട്ടുകുടുംബങ്ങളുടെയും ആഴവും വ്യാപ്തിയും പ്രിയപ്പെട്ടവരുടെ പരാതികളും അണുകുടുംബയുഗത്തില്‍ പ്രസക്തമായ സന്ദേശം നല്‍കുന്നു.  പുരുഷ  മനസ്സുകള്‍ക്ക്  നിസ്സാരമെന്ന് തോന്നുന്നവ  വളരെ ഗൌരവമായി  സ്ത്രീകള്‍ കരുതുന്നതിനെ  കളിയാക്കിയിട്ടുണ്ട്, 'പാത്തുമ്മാടെ ആടി'ന്റെ തല കലത്തില്‍ അകപ്പെട്ടുപോയപ്പോള്‍ കലം രക്ഷിക്കാന്‍ (ആടിനെയും) അയല്‍വാസികളായ  സകലമാന സ്ത്രീകളും  പാത്തുമ്മാടെ വീട്ടു മുറ്റത്തെത്തിയത്രെ!.
വാര്‍ഡന്‍ ഇരുമ്പഴി വാതില്‍ അടച്ചു താഴിട്ടു പൂട്ടി. ഞാന്‍ പറഞ്ഞു, "പോന്നുസര്‍ക്കാരിന്റെ   പുതിയ അഗതിക്ക്   അത്താഴം  തന്നില്ല". 
വാര്‍ഡന്‍ പറഞ്ഞു, "ഇന്നത്തെ കണക്കിലല്ല നിങ്ങള്‍ വന്നത്നാളെ  കാലത്ത്  മുതല്‍  കിട്ടും".  ഞാന്‍ പറഞ്ഞു, "എന്നാല്‍ എന്നെ തുറന്നു വിടൂ,  നാളത്തെ  കണക്കില്‍  വരാം". സാങ്കേതികത്വത്തെ  ബഷീര്‍ കളിയാക്കിയത് 'മതിലുകളി'ലാണ്. വരികളില്‍ നാനാര്‍ത്ഥങ്ങള്‍ വിരിയുക്കുന്ന അതുല്യമെന്നു എന്നും പറയാവുന്ന ബഷീറിയന്‍ രചനകള്‍ എന്നേക്കുമായി നിലനില്‍ക്കേ,സാക്ഷര-സാംസ്കാരികനാട് അദ്ദേഹത്തെ വേണ്ടത്ര ഗൌനിച്ചുവോ, ആവോ ?                               -റസാഖ് എടവനക്കാട് 


പലിശരഹിത ബാങ്കിംഗിന്റെ കേരളീയ പ്രസക്തി

അമ്മമാരുടെ ദിനം, തൊഴിലാളി ദിനം എന്നത് പോലെ ലോകമോര്‍ക്കാന്‍ പലിശയില്ലാത്ത ദിനം, എന്നൊരു ദിവസം വര്‍ഷത്തില്‍ ആചരിക്കപ്പെടുകയും ബാങ്കുകള്‍ ഉള്‍പ്പെടെ പലിശാധിഷ്ഠിത ധനകാര്യ സ്ഥാപനങ്ങള്‍ അവരുടെ കടമിടപാടുകാര്‍ക്ക് പലിശ ഇളവ് നല്‍കുകയുമാണെങ്കില്‍ കണക്കാക്കാനാവാത്ത വലിയ തുകയായിരിക്കുമത്. പലിശക്ക് കടമെടുത്ത് ജീവിതം നരക തുല്യമാക്കുന്നവര്‍ കേരളത്തിലും കുറവല്ല. പെരുകുന്ന പലിശയും മുതലും തിരിച്ചടക്കാന്‍ നിവൃത്തിയില്ലാതെ ഊരാക്കുടുക്കിലകപ്പെട്ട് ഒറ്റക്കും കുടുംബസമേതവും ജീവനൊടുക്കുന്നവരുടെ എണ്ണം ഏറി വരികയാണ്. നിത്യവൃത്തിക്കായും ആഡംബരത്തിനായും കടം വാങ്ങി   തിരിച്ചടക്കാനാവാതെ  നെട്ടോട്ടമോടുന്നവര്‍ എത്രയെങ്കിലുമുണ്ട്. പണിയെടുത്ത് കിട്ടുന്നത്  മുഴുവന്‍ പലിശപോലും കൊടുക്കാന്‍  തികയാതെ വരുമ്പോള്‍  തല്‍ക്കാലം ബോധം  നശിക്കാന്‍  കിട്ടുന്ന പൈസക്കും കടം വാങ്ങിയും മദ്യസേവ നടത്തി കുടുംബശൈഥില്യത്തിനിടയാവുന്ന സംഭവങ്ങളും കുറവല്ല. ഇതൊക്കെ  നമ്മുടെ   നാട്ടിലെ  അനുഭവങ്ങളാവുമ്പോള്‍  പലിശരഹിതമായ ഒരു സാമ്പത്തിക സംവിധാനം  ഉണ്ടാകണമെന്ന് ആഗ്രഹിക്കുക സ്വാഭാവികം. ഇപ്പോള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ബാങ്കുകളിലൂടെയോ ബദല്‍  സംവിധാനങ്ങളിലൂടെയോ പൊതുജനങ്ങള്‍ക്ക്‌ പലിശരഹിത പണമിടപാടുകള്‍ക്ക് അവസരം  ലഭിക്കുകയാണെങ്കില്‍  അപ്രതീക്ഷിതമായ  ഗുണ ഫലങ്ങളായിരിക്കും സമൂഹത്തിലുണ്ടാകുന്നത്.
പലിശരഹിത ഇടപാടുകള്‍ക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെങ്കിലും, ബാങ്കിംഗ് ഇടപാടുകളില്‍   സംവിധാനമെന്നത് അടുത്ത കാലത്തുണ്ടായ മാറ്റമാണ്. വീടും  വാഹനവും കച്ചവടവും കൃഷിയും മാത്രമല്ല, നാടിന്റെ വികസന പ്രവര്‍‍ത്തനങ്ങളും  പലിശരഹിത ബാങ്കിംഗ് സ്ഥാപനങ്ങളിലൂടെ സാക്ഷാത്ക്കരിക്കപ്പെടുന്നു.  ഇത്തരം മാതൃകാപരമായ പ്രവര്‍ത്തനങ്ങളിലൂടെ വിജയഗാഥ രചിക്കുകയാണ്  വിദേശരാജ്യങ്ങളില്‍ ചരിത്രം കുറിച്ച പലിശരഹിത ബാങ്കുകള്‍. പലിശാധിഷ്ഠിത ബാങ്കുകള്‍ പലിശരഹിത ബാങ്കുകളുമായുള്ള മത്സരത്തില്‍  പിടിച്ചു  നില്‍ക്കാനാകാതെ  പലിശരഹിത ബാങ്കുകളായി മാറുന്നുണ്ട്.  യൂറോപ്പിലും  അമേരിക്ക യിലുമുള്‍പ്പെടെ  ചില രാജ്യങ്ങളില്‍ പലിശാധിഷ്ഠിത ബാങ്കുകള്‍ ഇടപാടുകാരെ ആകര്‍ഷിക്കാന്‍ പലിശരഹിത ഇടപാടുകള്‍ക്കായി പ്രത്യേക  കൗണ്ടറുകള്‍ പ്രവര്‍ത്തിപ്പിക്കുന്നു. സാമ്പ്രദായിക പലിശാധിഷ്ഠിത ബാങ്കുകളില്‍ നിന്ന് ലഭിക്കുന്നതിനേക്കാള്‍ ലാഭശതമാനം പലിശരഹിത ബാങ്കുകളിലെ ഇടപാടുകളിലൂടെ ലഭിക്കുന്നതിനാല്‍ നിക്ഷേപകര്‍ ദിനംപ്രതി കൂടി കൊണ്ടിരിക്കുകയാണ്. കിട്ടുന്നത് ലാഭ വിഹിതമായതിനാലും അപ്രതീക്ഷിത വരുമാനമായതിനാലും ഇടപാടുകാര്‍ പലിശരഹിത സ്ഥാപനങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടുന്നു. കടക്കാരനാകട്ടെ പലിശയും കൂട്ടുപലിശയും നല്‍കി ഒരിക്കലും കരകയറാത്ത അവസ്ഥയും ഉണ്ടാകുന്നില്ല. ഇന്റര്‍നാഷ്ണല്‍ അസോസിയേഷന്‍ ഓഫ് ഇസ്ലാമിക് എക്കണോമിക്സ്-ന്‍റെ പ്രസിഡന്റും അറിയപ്പെടുന്ന സാമ്പത്തിക വിദഗ്ദനുമായ ഡോ.മാബിദ് അലി അല്‍ജര്‍ഹി, ഇന്ത്യയിലും പലിശരഹിത ബാങ്കിംഗ് നടപ്പിലാക്കുകയാണെങ്കില്‍ ലോകത്തിലെ ഏറ്റവും സമ്പന്ന രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറുമെന്ന് ഏതാനും വര്‍ഷം മുമ്പ് ഡല്‍ഹിയില്‍ സംഘടിപ്പിച്ച പലിശരഹിത സാമ്പത്തിക സെമിനാറില്‍ അഭിപ്രായപെടുകയുണ്ടായി. പലിശരഹിത ബാങ്കിംഗ് കേവലം ഒരു മത സംവിധാനമല്ല. മറിച്ച് കച്ചവടവും ബാങ്കിങ്ങും ഒരേപോലെ കൈകാര്യം ചെയ്യുന്ന സാമ്പത്തിക സംവിധാനമാണെന്നും അദ്ദേഹം പറയുകയുണ്ടായി. ഇന്ത്യയിലെ സാമ്പത്തിക വിദഗ്ദ്ധരും തങ്ങളുടേതായ സംഭാവനകള്‍ പലിശരഹിത ബാങ്കിംഗ് മേഖലക്ക് നല്‍കണമെന്നും പലിശരഹിത ബാങ്കിംഗ് ഇന്ത്യയില്‍ പ്രാവര്‍ത്തികമാക്കുകയാണെങ്കില്‍ ഇരുപത് വര്‍ഷത്തിനകം ഇന്ത്യയുടെ സാമ്പത്തിക രംഗം പ്രവചനാതീതമായി ഉന്നതങ്ങളിലെത്തുമെന്നും മറ്റൊരു സാമ്പത്തികവിദഗ്ദനായ ഡോ.മുന്‍ദിര്‍ കഹ്ഫും പ്രസ്തുത സെമിനാറില്‍ അഭിപ്രായപെടുകയുണ്ടായി. ആഗോള സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ട് അടച്ചുപൂട്ടേണ്ടി വന്ന പലിശാധിഷ്ഠിത ബാങ്കുകള്‍ നിരവധിയാണ്. സാമ്പത്തിക അത്യുന്നതിയിലെന്ന് നാം കരുതുന്ന രാജ്യങ്ങളില്‍ പോലും ബാങ്കുകള്‍ അടച്ചു പൂട്ടുകയുണ്ടായി, നില നില്‍പ്പിനായി പെടാപ്പാടുപെടുന്ന ചില ബാങ്കുകള്‍ അവിടെ പരസ്പരം ലയിച്ച് ശക്തി സംഭരിക്കുന്നതും കാഴ്ചയാണ്. എന്നാല്‍ മുന്‍ വര്‍ഷങ്ങളിലെ പോലെ അല്ലെങ്കില്‍ അതിനേക്കാള്‍ കൂടുതല്‍ അറ്റാദായമാണ് പലിശ രഹിത ബാങ്കുകള്‍ സാമ്പത്തിക പ്രധിസന്ധിയുടെ വര്‍ഷങ്ങളില്‍ ഉണ്ടാക്കിയത്. ലാഭമുണ്ടാക്കുക മാത്രമല്ല ഇടപാടുകാരുടെ ബാഹുല്യത്താല്‍ കൂടുതല്‍ ശാഖകളും തുടങ്ങുകയുണ്ടായി. ഗള്‍ഫ് രാജ്യങ്ങള്‍ കൂടാതെ ഈജിപ്റ്റ്‌, ലെബനോന്‍, സുഡാന്‍, പാകിസ്ഥാന്‍, മലേഷ്യ, ഇന്തോനേഷ്യ,  തുടങ്ങി  യുറോപ്പ്, യു എസ് ഉള്‍പ്പെടെ  വിവിധ രാജ്യങ്ങളിലായി അഞ്ഞൂറിലധികം  ചെറുതും വലുതുമായ  പലിശരഹിത സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ജനങ്ങളുടെ ക്ഷേമത്തിനും നാടിന്റെ  വികസനത്തിനും വേണ്ടി  പ്രവര്‍ത്തിക്കുകയും ലോക  സാമ്പത്തിക പ്രതിസന്ധിയിലും ലാഭമുണ്ടാക്കി മാതൃക കാട്ടിക്കൊണ്ടിരിക്കുകയും  ചെയ്യുന്ന  ഇത്തരം സ്ഥാപനങ്ങള്‍ നമ്മുടെ നാടിന്‍റെയും തേട്ടമാണ്‌,നേട്ടമാണ്. പലിശരഹിത ഇടപാടുകളിലൂടെ ദരിദ്രര്‍ക്കും സാധാരണക്കാര്‍ക്കും കൂടാതെ വന്‍കിട ചെറുകിട നിക്ഷേപകര്‍ക്കും അത്താണിയായി മാറാനിടയുള്ള ഇത്തരം സംരംഭങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നവര്‍ ജനവിരുദ്ധ നിലപാടാണ് സ്വീകരിക്കുന്നതെന്ന് തിരിച്ചറിയേണ്ടതുണ്ട്. കേരളത്തില്‍ അംഗീകൃത പലിശരഹിത ബാങ്കിംഗ് സ്ഥാപനങ്ങള്‍ നിലവില്‍ വരികയാണെങ്കില്‍ കേരള ജനതക്ക് വിചാരിക്കാത്തത്ര ഗുണങ്ങളുണ്ടാക്കാന്‍ കഴിയും.  മാത്രമല്ല, ക്രമേണ ഇതര സംസ്ഥാനങ്ങള്‍ക്കുകൂടി അത് മാതൃകയാവുകയും ചെയ്യും . 

                                                                                                  -റസാഖ് എടവനക്കാട് 


(2010ഫെബ്രുവരി04 "മലയാളം ന്യൂസ്‌"ല്‍ പ്രസിദ്ധീകരിച്ചത്)

Friday, April 8, 2011

മിന്നാമിനുങ്ങ്
എപ്പോഴെങ്കിലും നടന്നിട്ടുണ്ടാകാവുന്ന സംഭവങ്ങളെ കഥയെന്നു വിളിക്കാമെങ്കില്‍ ഇതുമൊരു കഥയാകുന്നു. 
   വിജനമായ മരുഭൂമിയിലെ ചുട്ടുപൊള്ളുന്ന മണലിലൂടെ ആറോ ഏഴോ വയസ്സുള്ള ഒരു ബാലന്‍ നടക്കുകയാണ്.
പൊടിക്കാറ്റും ചൂടുമേറ്റ് അവന്റെ മുഖം കരിവാളിച്ചിരുന്നു. എണ്ണമയമില്ലാത്ത  തലമുടി പാറിപ്പറന്നു. 
വിശപ്പിന്റെ കാഠി‍നൃത്താലും ദാഹം കൊണ്ടും തളര്‍ന്നു വിവശനായിരുന്നു. ഒരല്പം ജലമെങ്കിലും കിട്ടിയി രുന്നെങ്കിലെന്നാശിച്ച്  ഏന്തിയേന്തി നടന്നുനീങ്ങുമ്പോഴാണ് അധികമകലെയല്ലാതെ  ഒരു മരവും, അതിനു ചുവട്ടില്‍ ഒരാളുമിരിക്കുന്നത് അവന്റെ ശ്രദ്ധയില്‍പ്പെട്ടത്.
പ്രതീക്ഷയോടെ അങ്ങോട്ടവന്‍ നടന്നു ചെന്നു.ഒരൊട്ടകവും ഒരു ഭാണ്ഡവും അയാള്‍ക്കരികെയുണ്ടായിരുന്നത് അവനില്‍ ആശയുണര്‍ത്തി. "എനിക്ക് വിശക്കുന്നു, എന്തെങ്കിലും തരുമോ?" കുട്ടിയുടെ ദയനീയമായ യാചനയുടെ സ്വരം അയാളുടെ മനസ്സലിയിച്ചു. അയാള്‍ ഭാണ്ഡമഴിച്ച് കുറച്ച് റൊട്ടിയും തുകല്‍സഞ്ചിയില്‍ നിന്ന് വെള്ളവും മണ്‍പാത്രത്തിലെടുത്തു കൊടുത്തു.  ആര്‍ത്തിയോടെ ഭക്ഷണം കഴിക്കാനൊരുങ്ങുമ്പോഴാണ് അവന്റെ അമ്മയുടെ ഉപദേശം ഒരശരീരിയെന്നോണം കാതിലലച്ചത്. "ഈ ഭക്ഷണം താങ്കളുടെ നേരായ മാര്‍ഗ്ഗത്തിലുള്ള സമ്പാദ്യത്തില്‍ നിന്നുള്ളതാണോ?" കുട്ടിയുടെ അപ്രതീക്ഷിതമായ ചോദ്യം അയാളില്‍ കൗതുകവും ചിന്തയുമുണര്‍ത്തി. തന്റെ അധീനതയിലുള്ളവയെക്കുറിച്ച് തെല്ലിടെ അയാളാലോചിച്ചു, പിന്നെ കുട്ടിയോട് പറഞ്ഞു, "അല്ല, ഇതൊക്കെയും അന്യായമായി ഞാന്‍ സമ്പാദിച്ചതില്‍ നിന്നുമുള്ളതാണ്".
കുട്ടി ചുണ്ടോടടുപ്പിച്ചിരുന്ന ഭക്ഷണം, പാത്രത്തിലേക്കുതന്നെ നിക്ഷേപിച്ച്, മരത്തണല്‍വിട്ട് നടന്നു പോകുന്നത് അയാള്‍ നോക്കിനിക്കവെ, എവിടെനിന്നോ ഉള്ളിലേക്കണഞ്ഞ വെളിച്ചം അയാളുടെ മനസ്സിന്റെ വേദന യായി കണ്ണുകളിലൂടെ പുറത്തേക്കിറ്റുവീണുകൊണ്ടിരുന്നു.                

Sunday, March 13, 2011

ഓര്‍മ്മക്കപ്പുറം

കാലിട്ടടിച്ച്‌
കരഞ്ഞതന്ന്-
ജനിച്ച-
തപ്പോള്‍.

കാലം കഴിച്ച്-
കരയിച്ചതിന്ന്,
മരിച്ച-
തിപ്പോള്‍
.

Friday, February 18, 2011

"ഫേസ് ബുക്കി"ലെ ഡയറിക്കുറിപ്പ്‌

സൗഹൃദ സംഭാഷണം ആഗോള സൗഹൃദ ശൃംഖലയൊരുക്കുന്ന
  "ഫേസ് ബുക്കി"നെക്കുറിച്ചായപ്പോള്‍ മൂസ പറഞ്ഞു, "ഈ 'ഫേസ് ബുക്കി'ല്‍ അംഗങ്ങളൊക്കെ ഒരേ പ്രായക്കാരാണ്". ശരിയാണല്ലോയെന്ന് തോന്നിയ നിമിഷത്തില്‍ അടുത്തിരുന്നിരുന്ന ഇബ്നു ഉണ്ണീന്‍ സ്വതസിദ്ധമായ പുഞ്ചിരിയോടെ കമന്റിട്ടു, "സ്വര്‍ഗ്ഗത്തിലും എല്ലാവരും ഒരേ പ്രായക്കാരായിരിക്കും‌". പ്രായമില്ലാത്ത അവസ്ഥ, മരണമില്ലാത്ത ജീവിതം, പ്രശ്നങ്ങളൊന്നുമില്ലാത്ത ലോകം. സ്വര്‍ഗ്ഗീയം!
എന്നാല്‍ ഫേസ് ബുക്കിലെ സൗഹൃദം ഇടക്ക് നിലച്ചുപോകും, അനിവാര്യമായ സത്യം. സ്വര്‍ഗ്ഗത്തിലോ ഒരിക്കലും അവസാനിക്കാത്ത  സൗഹൃദങ്ങള്‍. ആരാമങ്ങള്‍, അരുവികള്‍, ആഗ്രഹമെന്തോ അതൊക്കെ വിചാരങ്ങള്‍ക്ക് മുമ്പേ കണ്മുമ്പില്‍.
എന്നാല്‍ ഫേസ് ബുക്കിലൂടെ ചിലര്‍ മറ്റുചിലരെ പറ്റിക്കുന്നു. കുറെയാളുകള്‍ കബളിക്കപ്പെടുന്നു. അന്യോനം പഴിപറയുന്നു. അസഭ്യങ്ങള്‍ എഴുതി ആരുടെയൊക്കെയോ മനസ്സുകള്‍ വേദനിപ്പിക്കുന്നു. വൃത്തികേടുകളും അറിവില്ലായ്മയും പ്രചരിപ്പിക്കപ്പെടുന്നു. വ്യക്തിയെന്ന നിലയിലുള്ള അറിവിന്റെ പരിമിതികളെക്കുറിച്ചുള്ള ബോധം പലപ്പോഴും പലരും വിസ്മരിക്കുന്നു.  നല്ലതിനേക്കാള്‍ ചീത്തതെന്നു സമൂഹം വിശ്വസിക്കുന്നവക്കായി  ഉപയോഗിച്ചുകൊണ്ടിരിക്കുന്നു.   സന്ദേശങ്ങള്‍ കൈമാറി പരിചയത്തിലായ കാമുകനെത്തേടിയിറങ്ങുന്ന 19കാരി സ്വന്തം പ്രിയപ്പെട്ട വരെയൊക്കെ ഉപേക്ഷിക്കുന്നു, കാമുകന്‍ പടുവൃദ്ധനെന്നറിയുമ്പോള്‍ "ഫേസ് ബുക്ക്" കളിയാക്കി ചിരിക്കുന്നു.
പക്ഷെ, യഥാര്‍ത്ഥ സ്വര്‍ഗ്ഗമോ. അതു ലഭിക്കുവാന്‍ ദൈവ വിശ്വാസത്തിന്റെ മധുരതരമായ വഴിയിലൂടെ യാത്ര ചെയ്യണം. ഹൃദയാന്തരങ്ങളില്‍ നിന്നുള്ള സൗഹൃദങ്ങളിലൂടെ അനുഭവഭേദ്യമാകുന്ന നന്മകള്‍ക്ക് വ്യാപനമുണ്ടാകണം, ജീവന്‍ കൊണ്ട് സുന്ദരങ്ങളായ ചാറ്റിങ്ങുകളിലൂടെ മറക്കാനാവാത്ത അനുഭവങ്ങള്‍ക്കിട നല്‍കണം, ജീവിതം മാതൃകയായി പണിതുയര്‍ത്തണം.,
അങ്ങിനെയെങ്കില്‍, ഒരു പക്ഷെ നമ്മളെയും അനുഭവങ്ങളുടെ സ്വര്‍ഗ്ഗം കാത്തിരിക്കുന്നുണ്ടാകാം.

-റസാഖ് എടവനക്കാട്

Wednesday, January 12, 2011

വിന

തെന്നല്‍കുളിരാ-
ലാശയുദിച്ചു,
ആശക്കന്ത്യം-
നിരാശ-
വളര്‍ന്നു,
നിരാശ-
ക്കൊടുക്കം-
കൊടു-
ങ്കാറ്റുയര്‍ന്നു.

Tuesday, January 4, 2011

ഒരുക്കം

എന്നു-
മെല്ലാരു-
മണിഞ്ഞൊരുങ്ങുന്നു,  
എന്നാ-
ലെല്ലാരു-
മൊരുങ്ങുന്നില്ല,
അന്ന-
യുമെ-
ന്നെല്ലാരുമറിയുന്നു.
എന്നാ -
ലറിയുന്നോ-
രൊരുങ്ങുന്നില്ല,
അന്നണിയുമ്പോ-
ളെല്ലാരുമറിയുന്നു.
അന്നണിഞ്ഞൊരുങ്ങി-
യോരതറിയുന്നില്ല.

Saturday, January 1, 2011

കാത്തിരിപ്പിന് ശേഷം

യാത്രയില്‍
നിമിഷാര്‍ധങ്ങളില്‍-
ഒട്ടുപേര്‍-
വേര്‍
പിരിഞ്ഞുപോയ്‌,
ഒടുവില്‍,
ഒപ്പമെന്നെന്നും-
ഉണ്ടെന്നോര്‍ത്തെന്‍-
നിഴലും
മണ്ണിലലിഞ്ഞുപോയ്‌