Thursday, April 28, 2011

സുല്‍ത്താന്‍ ജീവിച്ചിരിപ്പുണ്ട്

മാങ്കോസ്റ്റിന്റെ ചുവട്ടില്‍ ചാരുകസേര,അതിനടുത്ത് ഗ്രാമഫോണ്‍അതില്‍  നിന്നും ഒഴുകിയെത്തുന്ന  ഗസല്‍. കട്ടിക്കണ്ണടയും  വെച്ച് ഗാഢമായ ചിന്തയില്‍ ആ ചാരുകസേരയില്‍ ചാരിക്കിടക്കുന്നത് നമ്മുടെ സുല്‍ത്താനാണ്.
നശ്വരങ്ങളായ സൃഷ്ടികള്‍ കാലാധീതമാണ്. മരണമില്ലാത്ത അവ ചലിക്കുകയും  ചലിപ്പിക്കുകയും ചെയ്യും. ബേപ്പൂര്‍ സുല്‍ത്താന്‍, അല്ല, ചക്രവര്‍ത്തിയെന്ന് പറയുന്നതായിരിക്കും കൂടുതല്‍ ശരി. കലാസൃഷ്ടികളുടെ ചക്രവര്‍ത്തിയേന്നോ കഥാകാരുടെ ചക്രവര്‍ത്തിയെന്നോ വ്യാഖാനമാകാം.  
ഷീറിയന്‍ രചനകള്‍ പലതും ചുറ്റുപാടുകളുടെ കാഴ്ചകളാണ്. ദാരിദ്ര്യത്തിന്റെയും വേദനയുടെയും അനുഭവങ്ങളുടെയും ജീവിത സത്യങ്ങളാണ്. കഥകളും ലേഖനങ്ങളും കുറിപ്പുകള്‍ പോലും സാഗര തുല്യമാണ്.അവയിലെ വരികള്‍ അനുവാചകരിലേക്ക്  ഗൌരവമായും  നര്‍മമായും  കടന്നുചെല്ലുമ്പോള്‍ ചിന്തയും ചിലത് ആശ്വാസ വുമേകുന്നു. മറ്റു ചിലത് വേദനയും ദുഃഖവുമുണ്ടാക്കുന്നു. ലാളിത്യമാര്‍ന്ന വാക്കുകളുടെ പ്രയോഗ ങ്ങളിലൂടെ  വ്യെത്യേസ്തമായ വായനാനുഭൂതി  തരുന്നു. വായനയുടെ വിവിധ തലങ്ങളില്‍, ചിലര്‍ക്ക്  കാര്യമായി  തോന്നുന്ന  പലതും മറ്റു ചിലര്‍ക്ക് തമാശയായി അനുഭവപ്പെടുന്നു.  ആരും പറയാത്തതും സാഹിത്യലോകത്ത് ആരും പ്രായോഗിക്കാത്തതുമായ പദങ്ങള്‍ ബഷീര്‍ സാഹിത്യത്തിന്റെ പ്രത്യാകതയാണ്.ഡുങ്കുഡുതഞ്ചി, ചാപ്ലോസ്കി, ഫട്ട്റുക്കോ ഡുങ്കാസ്, തുട്ടാപ്പി, ചട്ടന്‍ ഇങ്ങിനെ പലതുമുണ്ട്. ഇവയൊക്കെ കഥയുടെ സന്ദര്‍ഭമനുസരിച്ച് പുതിയ അര്‍ത്ഥതലങ്ങള്‍ കണ്ടെത്തുന്നു.
"ഒന്നും ഒന്നും ഇമ്മിണി ബല്യ ഒന്ന്" എന്ന ബഷീറിയന്‍ വചനം മലയാളമുള്ളിടത്തോളം  ഓര്‍ക്കപ്പെടും. മനുഷ്യ സഹജമായ ചില സ്വഭാവങ്ങളെ കളിയാക്കുന്ന 'കഥാബീജ'ത്തില്‍ മനുഷ്യസ്വാര്‍ത്ഥതക്ക് നേരെ കൂരമ്പയക്കുന്നുണ്ട്.  ജന്മദിനങ്ങള്‍ വാശിയോടെ കൊണ്ടാടപ്പെടുന്ന സമകാലികത്തിലും ചെറു പരിഹാസച്ചിരി 'ജന്മദിന'ത്തിലൂടെ ബഷീര്‍ ഉതിര്‍ക്കുന്നു, "ജന്മദിനം! നമുക്കൊക്കെ എന്തു ജന്മദിനം, പ്രപഞ്ചത്തിലെ എല്ലാത്തിനുമുണ്ടല്ലൊ ജന്മദിനം".
"ഞങ്ങളുടെ അറിവോ സമ്മതമോ കൂടാതെ  നീ ഞങ്ങളെയൊക്കെ സൃഷ്ടിച്ചുവിട്ടു. ഞങ്ങള്‍ വന്നുചേരുന്നതിനു മുമ്പായി ഈ ലോകവും ഇതിലെ വിഭവങ്ങളും നിന്റെ മറ്റു മക്കള്‍ക്കായി പങ്കിട്ടുകൊടുത്തു,ഇല്ലേ?". 'സന്ധ്യാപ്രണാ'മത്തിലെ സുല്‍ത്താന്റെ  സ്നേഹമൂറുന്ന പരിഭവം സര്‍വം പടച്ച തമ്പുരാനോടാണ്. ഇതിനോട് തുല്യമോ  ഇതിനപ്പുറമോ  ആയ ആശയുടെയും ആശങ്കയുടെയും വരികള്‍  സുല്‍ത്താന്റെ ചില സൃഷ്ടികളിലുണ്ട്.  
അദ്ദേഹത്തിന്റെ ജീവിതം പോലെ ലളിതമായ  രചനാ രീതി   സുല്‍ത്താനെ വേറിട്ടു നിര്‍ത്തുന്നു. ലോകത്ത് 'യുദ്ധം അവസാനിക്കണമെങ്കില്‍' സര്‍വ്വര്‍ക്കും ഭയങ്കര ചൊറിച്ചിലും കടിയുമുള്ള പരമരസികന്‍ വരട്ടുചൊറി വരണമെന്ന വിശ്വസാഹിത്യകാരന്റെ 60 വര്‍ഷം മുമ്പുള്ള കണ്ടെത്തല്‍ എല്ലാ കാലത്തേക്കും അനുയോജ്യമായ പരമാര്‍ത്ഥമായ സത്യമാണ്.
സ്നേഹബന്ധങ്ങളുടെയും കൂട്ടുകുടുംബങ്ങളുടെയും ആഴവും വ്യാപ്തിയും പ്രിയപ്പെട്ടവരുടെ പരാതികളും അണുകുടുംബയുഗത്തില്‍ പ്രസക്തമായ സന്ദേശം നല്‍കുന്നു.  പുരുഷ  മനസ്സുകള്‍ക്ക്  നിസ്സാരമെന്ന് തോന്നുന്നവ  വളരെ ഗൌരവമായി  സ്ത്രീകള്‍ കരുതുന്നതിനെ  കളിയാക്കിയിട്ടുണ്ട്, 'പാത്തുമ്മാടെ ആടി'ന്റെ തല കലത്തില്‍ അകപ്പെട്ടുപോയപ്പോള്‍ കലം രക്ഷിക്കാന്‍ (ആടിനെയും) അയല്‍വാസികളായ  സകലമാന സ്ത്രീകളും  പാത്തുമ്മാടെ വീട്ടു മുറ്റത്തെത്തിയത്രെ!.
വാര്‍ഡന്‍ ഇരുമ്പഴി വാതില്‍ അടച്ചു താഴിട്ടു പൂട്ടി. ഞാന്‍ പറഞ്ഞു, "പോന്നുസര്‍ക്കാരിന്റെ   പുതിയ അഗതിക്ക്   അത്താഴം  തന്നില്ല". 
വാര്‍ഡന്‍ പറഞ്ഞു, "ഇന്നത്തെ കണക്കിലല്ല നിങ്ങള്‍ വന്നത്നാളെ  കാലത്ത്  മുതല്‍  കിട്ടും".  ഞാന്‍ പറഞ്ഞു, "എന്നാല്‍ എന്നെ തുറന്നു വിടൂ,  നാളത്തെ  കണക്കില്‍  വരാം". സാങ്കേതികത്വത്തെ  ബഷീര്‍ കളിയാക്കിയത് 'മതിലുകളി'ലാണ്. വരികളില്‍ നാനാര്‍ത്ഥങ്ങള്‍ വിരിയുക്കുന്ന അതുല്യമെന്നു എന്നും പറയാവുന്ന ബഷീറിയന്‍ രചനകള്‍ എന്നേക്കുമായി നിലനില്‍ക്കേ,സാക്ഷര-സാംസ്കാരികനാട് അദ്ദേഹത്തെ വേണ്ടത്ര ഗൌനിച്ചുവോ, ആവോ ?                               -റസാഖ് എടവനക്കാട് 


No comments: